Friday 16 November, 2007

ജയസൂര്യ മുന്നോട്ട്...

ചോക്ലേറ്റിന്റെ വന്‍ വിജയത്തിനു ശേഷം വീണ്ടും ജയസൂര്യ പൃഥിരാജുമായി ഒന്നിക്കുന്നു...കങ്കാരു എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്...

ചെസ്സ് ഫെയിം രാജ് ബാബുവാണ് സം‌വിധായകന്‍ ജെ പള്ളാശേരി തിരക്കഥ രചിക്കും..ഇസബെല്ല മൂവീ ടോണ്‍സിന്റെ ബാനറില്‍ സിസിലി ബിജുവാണ് ചിത്രം നിര്‍മ്മിക്കുക...കൃസ്തുമസിനാണ് കങ്കാരു തിയേറ്ററുകളിലെത്തുക...


കങ്കാരുവിന് മുമ്പ് മറ്റൊരു ജയസൂര്യ ചിത്രം കൂടി വെള്ളിത്തിരയിലെത്തും...വിനയന്‍ സം‌വിധാനം ചെയ്യുന്ന ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ ആണ് ഈ ചിത്രം..ഇന്രജിത്താണ് ഹരീന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്...വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് രചന...മണിക്കുട്ടന്‍, ഭാമ, കൊച്ചിന്‍ ഹനീഫ മുതലായവര്‍ മറ്റു പ്രധാനവേഷങ്ങളിലഭിനയിക്കുന്നു...

Thursday 15 November, 2007

നക്സലൈറ്റായി പൃഥിരാജ്...

നടനും എഴുത്തുകാരനുമായ മധുപാല്‍ ആദ്യമായി സം‌വിധാനം ചെയ്യുന്ന ചിത്രമായ തലപ്പാവില്‍ പൃഥിരാജ് നായകനാകുന്നു...ഒരു നക്സലൈറ്റായാണ് ഇതില്‍ പൃഥി അഭിനയിക്കുക...

ജോസഫ് എന്ന ഈ കഥാപാത്രം 1970കളില്‍ വയനാട്ടിലെ ഭൂരഹിതരായ കൂലിപ്പണിക്കാരെ സംഘടിപ്പിച്ച് ജന്മികള്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് പ്രമേയം...

കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവമായ വര്‍ഗീസ് വധക്കേസില്‍ നിന്നാണ് മധുപാല്‍ ഈ ചിത്രത്തിന്റെ കഥ ഉരുത്തിരിച്ചെടുത്തത്...

കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കാം....

Wednesday 14 November, 2007

സിദ്ദിഖ് ബോളിവുഡിലേയ്ക്....

സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള അപൂര്‍‌വം സം‌വിധയകരില്‍ ഒരാളാണ് സിദ്ദിഖ്..കുറച്ചു വര്‍ഷങ്ങളായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സിദ്ദിഖ് അടുത്ത വിഷുവിന് ദിലീപ് നായകനാകുന്ന ഒരു ചിത്രം ചെയ്യാനിരുന്നതാണ്...പ്രസന്നയും കാവ്യാമാധവനും അഭിനയിക്കുന്ന അദ്ദേഹത്തിന്റെ തമിഴ് ചിത്രം സാധു മിരണ്ടാല്‍ കഴിഞ്ഞാല്‍ ദിലീപ് ചിത്രം തുടങ്ങുമെന്നാണ് കരുതിയിരുന്നത്...

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിദ്ദിഖ് മലയാളത്തിലേയ്ക് ഉടനെ മടങ്ങിവരാനുള്ള സാധ്യത മങ്ങുന്നു...ഗുഡ് നൈറ്റ് മോഹന്‍ ഉടനെ ഒരു ഹിന്ദി ചിത്രം ചെയ്യാന്‍ സിദ്ദിഖിനെ സമീപിച്ചിരിക്കുന്നു...ഗുഡ് നൈറ്റ് മോഹന്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഗൗരി എന്ന ചിത്രത്തിന്റെ ജോലികള്‍ തീര്‍ന്നാല്‍ ഉടനെ സിദ്ദിഖ് ചിത്രം തുടങ്ങാനാണ് പ്ലാന്‍...

സിദ്ദിഖിന്റെ ഹിറ്റ് ചിത്രങ്ങളായ ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ്ങ് , ഗോഡ് ഫാദര്‍ മുതലായവയെല്ലാം പ്രിയദര്‍ശന്‍ അടിച്ചുമാറ്റി ഹിന്ദിയില്‍ നിര്‍മ്മിച്ച് ബോളിവുഡില്‍ കൈയ്യടി നേടിയത് നാം കണ്ടതാണല്ലോ...ഇപ്പോള്‍ സിദ്ദിഖ് നേരിട്ട് അങ്കത്തിനിറങ്ങുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകും കാത്തിരുന്നു കാണാം...

ദിലീപിന്റെ കുട്ടനാടന്‍ എക്സ്പ്രസ്സ്...

ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസിനും രാജസേനന്റെ റോമിയോയ്ക്കും ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കുട്ടനാടന്‍ എക്സ്പ്രസ്സ്...തുളസീദാസ് ആണ് സം‌വിധാനം നിര്‍‌വഹിക്കുന്നത്...

ഉദയകൃഷ്ജ്ണ-സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണമാരംഭിക്കും....

Monday 12 November, 2007

രൗദ്രം അവസാന ഷെഡ്യൂളിലേക്ക്..

മമ്മൂട്ടി ഫാന്‍സിന് ഇതാ ഒരു സന്തോഷവാര്‍ത്ത... രഞ്ജി പണിക്കര്‍ സം‌വിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം രൗദ്രം അവസാന ഷൂട്ടിങ്ങ് ഷെഡ്യൂള്‍ ആരംഭിച്ചു...

ഈ മാസം ദീപാവലിയ്ക്ക് റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷും രഞ്ജി പണിക്കര്‍ ചിക്കുന്‍ ഗുനിയ അടിച്ച് കിടപ്പിലായതും മൂലം റിലീസ് മാറ്റിവെക്കുകയാണുണ്ടായത്...

ഈ ചിത്രത്തില്‍ മമ്മൂട്ടി നരി എന്ന ഇരട്ടപ്പേരുള്ള എസ് പി നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ അഭിനയജീവിതതില്‍ ഇരുപത്തഞ്ചാം തവണയാണ് മമ്മൂട്ടി പൊലീസ് വേഷമണിയുന്നത്... ഇത് ഒരു അന്താരാഷ്ട റെക്കോഡാണ്...

പുതുമുഖം മഞ്ജു ആണ് നായിക.. ചിത്രം അടുത്ത റിപ്പബ്ലിക് ഡേയ്ക്ക് റിലീസ് ചെയ്യാനാണ് ഉദ്ദേശം..

മമ്മൂട്ടി "ബല്‍റാം VS താരാദാസ്" പോലെ ഒരു ചതി ഇനിയും ആവര്‍ത്തിക്കില്ലെന്ന് നമുക്കു വിശ്വസിക്കാം....

Thursday 8 November, 2007

ദശാവതാര വിശേഷങ്ങള്‍...

കമല്‍ ഹാസന്‍ പത്ത് വേഷങ്ങളിലഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ദശാവതാരം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നു..ലോക സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായണ്‌ ഒരു നടന്‍ ഒരു ചിത്രത്തില്‍ പത്ത് വേഷം ചെയ്യുന്നത്...

പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നത്...എന്നാല്‍ ദശാവതാരം പ്രേക്ഷകരുടെ പ്രതീക്ഷയെ വെല്ലുന്ന ചിത്രമായിരിക്കും എന്ന് കമല്‍ ഹാസന്‍ പറയുന്നു..

വളരെയധികം ശ്രദ്ധയൊടെയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നത്..കമല്‍ ഹാസന്‍ തന്നെയാണ് പത്ത് റോളുകള്‍ക്കും പത്ത് വ്യത്യസ്ത ശബ്ദങ്ങള്‍ നല്‍കുക..അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും ചിത്രം ഒരുക്കുന്നത്..

തമിഴിലെ പ്രമുഖസം‌വിധായകന്‍ കെ എസ് രവികുമാര്‍ സം‌വിധാനം ചെയ്യുന്ന ദശാവതാരം പൊങ്കലിനാണ് റിലീസ് ആവുക...അസിന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ നെപ്പോളിയന്‍, പി വാസു, മല്ലിക ഷെരാവത്ത് എന്നിവര്‍ പ്രധാനവേഷം ചെയ്യുന്നു... സംഗീതം പ്രശസ്ത ബോളിവുഡ് മ്യൂസിക് ഡയറക്ടര്‍ ഹിമേഷ് രേഷമയ്യ ആണ്..ഓസ്കര്‍ രവിചന്ദ്രനാണ് നിര്‍മാണം..

ദീപാവലി ഇന്ന്


എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍...

Wednesday 7 November, 2007

ദിലീപ്-ഷാഫി-ബെന്നി പി നായരമ്പലം കൂട്ടുകെട്ട് വീണ്ടും.

മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും തിരക്കേറിയ ഒരു സം‌വിധായകനാണ് ഷാഫി..ആദ്യചിത്രമായ കല്യാണരാമന്‍ മുതല്‍ ഏറ്റവും അവസാനം ഇറങ്ങിയ ചോക്ലേറ്റ് വരെ വിജയങ്ങള്‍ മാത്രം..ഇത്രയും നല്ല ട്രാക്ക് റെക്കോഡുള്ള സം‌വിധായകര്‍ അപൂര്‍‌വം...

ചോക്ലേറ്റിന്റെ വിജയത്തിനു ശേഷം ഷാഫി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍, ബെന്നി പി നായരമ്പലം രചന നിര്‍‌വഹിക്കും.. നാലു വര്‍ഷം മുമ്പ് ഇവര്‍ ഒന്നിച്ച കല്യാണരാമന്‍ മൂവരുടെയും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു..


മലേഷ്യയിലായിരിക്കും മുഴുവന്‍ സിനിമയുടെയും ഷൂട്ടിങ്ങ്..വൈശാഖാ മൂവീസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുക..2008 ഏപ്രിലില്‍ ഷൂട്ടിങ്ങ് തുടങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള ഈ ചിത്രം ദിലീപിന്റെ ഭാഗ്യദിവസം[?] എന്നു വിശ്വസിക്കപ്പെടുന്ന ജൂലൈ 4ന് റിലീസ് ചെയ്യും...


ഒരു വട്ടം കൂടി ഇവര്‍ വിജയം കൊയ്തെടുക്കുമോ????...കാത്തിരുന്നു കാണാം...

അമ്മയുടെ സിനിമയ്ക് പേര് ട്വന്റി ട്വന്റി

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് ട്വന്റി ട്വന്റി എന്നു പേരിട്ടു..

അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സമാഹരിക്കുവാന്‍ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രധാനതാരങ്ങളും വേഷമിടും..

അമ്മയുടെ പ്രസിഡന്റ് ശ്രീ. ഇന്നസെന്റ് ഈ മാസം അവസാനത്തോടുകൂടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പേരിലല്ലാതെ സിനിമക്ക് ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഒരു ട്വന്റി ട്വന്റി മാച്ച് പോലെ ആവേശഭരിതമായിരിക്കും ചിത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

പ്രമുഖസം‌വിധായകന്‍ ജോഷിയാണ് ഉദയ്‌കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ചിത്രം സം‌വിധാനം ചെയ്യുന്നത്..പ്രൊഡക്ഷന്‍ മേല്‍നോട്ടം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ നടന്‍ ദിലീപ് നിര്‍‌വഹിക്കും..

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നിവരാണ് നായകന്മാരായി വേഷമിടുന്നത്.. അഞ്ചു നായികമാരും ചിത്രത്തിലുണ്ടാവും...താരനിര്‍ണയം നടന്നു വരുന്നു...

2008 മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തിക്കാണാണ് അമ്മയുടെ ശ്രമം...

Tuesday 6 November, 2007

അമിതാഭ് ബച്ചന്‍ വരുമോ..

ഏറ്റവും പുതിയ വാര്‍ത്തകേട്ടോ..നമ്മടെ അമിതാഭ്ജി മലയാളത്തില്‍ അഭിനയിക്കാന്‍ പോണെന്ന്..ആരുടെ പടത്തിലാണെന്നോ...വ്യത്യസ്തചിത്രങ്ങള്‍ മാത്രം ചെയ്ത് പ്രേക്ഷകലക്ഷങ്ങളുടെ സഹതാപം ഏറ്റുവാങ്ങിയ വിനയെന്റെ..

അദ്ദേഹം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന വ്യത്യസ്തചിത്രമായ ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ കഴിഞ്ഞ് സം‌വിധാനം ചെയ്യുന്ന ദ്വിഭാഷാചിത്രത്തിലാണ്(രണ്ടു ഭാഷകളില്‍ എടുക്കുന്നതെന്നു ചുരുക്കം) അമിതാഭ്ജിയെ അഭിനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്..

തമിഴിലും മലയാളത്തിലും എടുക്കുന്ന ഈ ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ വേഷമാണത്രേ അമിതാഭ്ജി ചെയ്യുക..തമിഴിലെയും മലയാളത്തിലെയും അഞ്ച് പുതുതലമുറ നായകന്മാര്‍ ഈ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യും എന്നും കേള്‍ക്കുന്നു...

വിനയന്റെ കാര്യമായതു കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല..ചെലപ്പോ അമിതാഭിനെപ്പിടിച്ച് അഭിനയിപ്പിച്ചെന്നും വരും..അതോടെ മൂപ്പരൊരു വഴിക്കാവാണ്ടിരുന്നാ മതി...

എം.ജി ശ്രീകുമാര്‍ തമിഴിലേക്ക് സംഗീത സം‌വിധായകനായി...

മലയാളികളുടെ പ്രിയഗായകന്‍ എം.ജി ശ്രീകുമാര്‍ തമിഴില്‍ സംഗീതസം‌വിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു..ഒന്നല്ല മൂന്നു തമിഴ് സിനിമകള്‍ക്കാണ് അദ്ദേഹം സംഗീതസം‌വിധാനം നിര്‍‌വഹിക്കുന്നത്...

ആദ്യത്തെ ചിത്രം പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്യുന്ന കാഞ്ചീപുരം..സമാന്തര സിനിമകളുടെ ഗണത്തില്‍ വരുന്ന ഈ ചിത്രത്തില്‍ പ്രകാശ് രാജ് ആണ് നായകന്‍..പറയ പറയ പട്ടണം ആണ് രണ്ടാം ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാനിര്‍മാണക്കമ്പനികളില്‍ ഒന്നായ യുടിവി ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്, സം‌വിധാനം വിജയ്..മലയാളത്തിലെ സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തിനും സംഗീതം നല്‍കുക എം.ജി ശ്രീകുമാറായിരിക്കും..

മലയാളത്തില്‍ അച്ഛനെയാണെനിക്കിഷ്ടം, താണ്ഡവം മുതലായ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ എം.ജി ശ്രീകുമാറിന്റെ ഗാനങ്ങള്‍ തമിഴ് നാട്ടില്‍ സ്വീകരിക്കപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം..

റോക്ക് N റോള്‍ 16ന്..

ദീപാവലിക്ക് റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രം റോക്ക് N റോള്‍ പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഒരാഴ്ച വൈകി 16ആം തിയതി മാത്രമേ തിയേറ്ററുകളിലെത്തൂ.. ചന്ദ്രോത്സവത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് റോക്ക് N റോള്‍. സിദ്ധിഖ്, മുകേഷ്, ഹരിശ്രീ അശോകന്‍, റഹ്മാന്‍ എന്നിവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലക്ഷി ശര്‍മ്മയാണ് നായിക.. മോഹന്‍ലാലിന്റെ വ്യത്യസ്ത ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് റോക്ക് N റോള്‍..ശിവമണി എന്ന ഡ്രമ്മറെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്..

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കഴിയാത്തതിനാലാണ് ഷെഡ്യൂള്‍ മാറ്റിയത്... ദീപാവലിക്ക് ഒരു കൂട്ടം ബിഗ് ബജറ്റ് അന്യഭാഷാചിത്രങ്ങള്‍ തിയേറ്ററിലെത്തുന്നുണ്ട്...ഇവക്ക് വന്‍ കളക്ഷന്‍ നേടാന്‍ റോക്ക് N റോളിന്റെ പിന്മാറ്റം കാരണമാകും..

ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം, സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ, വിജയുടെ അഴകിയ തമിഴ് മകന്‍ എന്നിവയാണ് ദീപാവലിക്കു തിയേറ്ററിലെത്തുന്ന വലിയ ചിത്രങ്ങള്‍..ഇവയ്ക്കോപ്പം മത്സരിക്കാന്‍ ദിലീപ് - ബ്ലെസ്സി ടീമിന്റെ കല്‍ക്കത്താ ന്യൂസ് മാത്രമാണ് മലയാളത്തില്‍ നിന്നുള്ളത്..

Monday 5 November, 2007

കാവേരി തിരിച്ചു വരുന്നു


കല്യാണത്തിനു ശേഷം അഭിനയരംഗത്തുനിന്ന് വിട്ടു നിന്നിരുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായ കാവേരി തിരിച്ചു വരവിന്റെ പാതയിലാണ്. ഹിറ്റ് ചിത്രമായിരുന്ന ചെസ്സ് ഒരുക്കിയ രാജ് ബാബുവിന്റെ പുതിയ ചിത്രം കങ്കാരുവില്‍ നാന്‍സി എന്ന് കഥാപാത്രത്തെ കാവേരി അവതരിപ്പിക്കുന്നു.

കാവേരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "മലയാളത്തില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിട്ടും ഒരു നല്ല കഥാപാത്രത്തിലൂടെ തിരിച്ചു വരാം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കങ്കാരുവിലെ നാന്‍സി എന്റെ തിരിച്ചു വരവിനു പറ്റിയ ശക്തമായ കഥാപാത്രമാണ്."

കങ്കാരുവില്‍ പൃഥിരാജ് ആണു നായകന്‍. കാവ്യാ മാധവനും ജയസൂര്യയും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Friday 2 November, 2007

ദ ടാര്‍ഗറ്റ് - വാള്‍പേപ്പറുകള്‍

അതഡു വാള്‍പേപ്പറുകള്‍ - പൂര്‍ണ്ണവലിപ്പത്തില്‍ കാണാന്‍ തംബ്‌നെയില്‍ ക്ലിക്കൂ...



അതഡു --- മലയാളത്തില്‍ ദ ടാര്‍ഗറ്റ്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ കരിയറിലെ ഏരവും വലിയ രണ്ടാമത്തെ ഹിറ്റ് ചിത്രം (ഒന്നാമത്തെ അറിയാലോ..പോക്കിരി) അതഡു, ദ ടാര്‍ഗറ്റ് എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്തത് ഇന്ന് റിലീസാകുന്നു.

ഒരു പ്രൊഫഷണല്‍ കില്ലറെയാണ് മഹേഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ത്രിഷയാണ് നായിക. പ്രകാശ് രാജ്, സോനു സുഡ്, സായാജി ഷിണ്ഡേ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രിവിക്രം ശ്രീനിവാസ് കഥ,തിരക്കഥ, സം‌വിധാനം എന്നിവ നിര്‍‌വഹിച്ചിരിക്കുന്നു. മണി ഷര്‍മ്മയാണ് സംഗീതം.

ഇരുപത്തേഴ് ദിവസം കൊണ്ടാണത്രേ ഇതിന്റെ ക്ലൈമാക്സ് സീനിലെ ഏറ്റുമുട്ടല്‍ ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍(ശിവാജി കണ്ടില്ലേ) കോറിയോഗ്രാഫ് ചെയ്തത്. ഇപ്പോ മനസ്സിലായില്ലേ എങ്ങനത്തെ ആക്ഷന്‍ ആയിരിക്കും എന്ന്???

ഇതിന്റെ ഹിന്ദി റീമേക്ക് ഏക്-ദ പവര്‍ ഓഫ് വണ്‍ എന്ന പേരില്‍ ബോബി ഡിയോളിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അപ്പോ ഇനി ഒന്നും നോക്കാനില്ല ഈ വീക്കെന്‍ഡ് അതഡു അല്ല ദ ടാര്‍ഗറ്റ് കണ്ട് അടിച്ചു പൊളിക്കൂ

കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ കിട്ടും : http://en.wikipedia.org/wiki/Athadu

Thursday 1 November, 2007

ദാസനും വിജയനും വീണ്ടും

1987ലാണ് നമ്മളെ ചിരിപ്പിച്ച് ഒരു വഴിയ്ക്കാക്കിയ ആ രണ്ട് കഥാപാത്രങ്ങള്‍ക്ക് ശ്രീനിവാസന്‍ ജന്മം കൊടുക്കുന്നത്. ദാസനും വിജയനും , നാടോടിക്കാറ്റ് എന്ന മലയാളസിനിമാ ചരിത്രത്തിലെ ഏക്കാലത്തേയും നല്ല ഹാസ്യ സിനിമകളില്‍ ഒന്നായ നാടോടിക്കാറ്റിലൂടെയായിരുന്നു അത്. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അതിലെ ദാസനും വിജയനും

ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍ രണ്ട് തുടര്‍ ചിത്രങ്ങള്‍ കൂടി ഉണ്ടായി പട്ടണപ്രവേശവും,അക്കരെയക്കരെയക്കരെയും.

ഇതാ ആ തമാശക്കാരായ സി.ഐ.ഡി കള്‍ തിരിച്ചു വരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സം‌വിധാനം ചെയ്യുന്ന ദാസനും വിജയനും എന്ന സിനിമയാണ് നാടോടിക്കാറ്റിന്റെ നാലാം ഭാഗമായി വരുന്നത്. സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന ചിത്രം 2008ല്‍ പുറത്തിറങ്ങും.

വീണ്ടും ശുദ്ധഹാസ്യത്തിന്റെ ചിരിയലകള്‍ തിയേറ്ററുകളിലുയരാനായി നമുക്കു കാത്തിരിക്കാം.

നമസ്കാരം

എന്റെ ഇംഗ്ലീഷ് ചലച്ചിത്ര ബ്ലോഗിന് തത്തുല്യമായ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കാനുള്ള ഒരു ചെറിയ ശ്രമം.

സ്വന്തം,
...മല്ലുഫ്ലിക്സ്...